എറണാകുളം ചേന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് കുത്തേറ്റു ; ഒരാൾ അറസ്റ്റിൽ



എറണാകുളം : ചേന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് കുത്തേറ്റു. സംഭവത്തില്‍ വടക്കേക്കര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മനോജാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഫസല്‍ റഹ്മാനെ കുത്തിപരിക്കേല്‍പ്പിച്ചത്.  മനോജും ഫസലും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസല്‍ കഴിഞ്ഞ ഭരണ സമിതിയില്‍ പഞ്ചായത്ത് അംഗമായിരുന്നു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഫസലിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

വോട്ട് ചോദിച്ചുള്ള പ്രചാരണം നടത്തുന്നതിനിടെ ഫസലവും മനോജും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പഞ്ചായത്തില്‍ വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച്‌ മനോജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് മനോജ് ഫസലിനെ കുത്തുന്നത്. ഫസലിന്‍റെ പുറത്താണ് മനോജ് മൂന്നുതവണ കുത്തിയത്.

Post a Comment

Previous Post Next Post